വിഷാദവും മാറുന്ന ജീവിതചര്യകളും

ഒഴിവുദിനങ്ങളിൽ പതിവുള്ള നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ ആണ് വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പകാരന്റെ അകാല വിയോഗം അദേഹത്തിന്റെ ചലച്ചിത്രാസ്വാദകരെ എന്ന പോലെ പ്രേക്ഷക ഹൃദയങ്ങളെ ഒന്നടങ്കം ഏറെ ആശങ്കിപ്പിച്ചതും വേദനിപ്പിച്ചതുമായ ഒരു വാർത്ത ആയിരുന്നു. എന്തായിരുന്നു ആത്മഹൂതി
ചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന ചോദ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തുടരുമ്പോഴും നമ്മൾ ചിന്തിക്കേണ്ടത് മറ്റൊന്നാണ്.

സമ്പത്തും, പ്രശസ്തിയും സകല സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും, അവയുടെ മധ്യത്തിലും ഏകനായി തീരുന്ന മനുഷ്യന്റെ നിസ്സഹായ അവസ്ഥ.എൺപതുകളിൽ M.T വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന ‘ആൾക്കൂട്ടത്തിൽ തനിയെ ‘എന്ന മനോഹരമായ തിരക്കഥയിലെ അമ്മുക്കുട്ടിയെന്ന കഥാപാത്രത്തെ പോലെ ജീവിതത്തിൽ ഒറ്റക്കായി പോകുന്നവർ.

വിഷാദം എന്നത് മനസിന്റെ ഒരു താളം തെറ്റലാണ്. നേർ രേഖയിൽ ചലിക്കുന്ന ഒരു വസ്തു പിന്നീട് വളവുകളിലും ചെരിവുകളിലും പെട്ടു ഉഴലുന്നതു പോലെയാണ് അത്.പുറമേ സ്വച്ഛവും ശാന്തവും ആയി ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദിയിൽ ഒളിഞ്ഞിരിക്കുന്ന ഭീതിദവും അത്യന്തം അപകടകരവുമായ ചുഴികൾ പോലെ ആണ് മനുഷ്യ മനസ്സും. ചെറിയ ഒരു വ്യതിയാനം മതി ജീവിതത്തിന്റെ താളം തെറ്റാൻ.

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും, ശിഥിലമായ കുടുംബബന്ധങ്ങളും, സൗഹൃദങ്ങളിലെ പാളിച്ചകളും, വ്യക്തി ജീവിതത്തിലെ താളപ്പിഴകളും, തൊഴിലിലെ സമ്മർദവും, സാമ്പത്തിക ബുദ്ധിമുട്ടുകളും, ശാരീരിക മാനസിക രോഗാവസ്ഥകളും, പരീക്ഷകളിലെ പരാജയവും,പ്രിയപ്പെട്ടവരുടെ വേർപാടും, വ്യവസ്ഥാപിത താല്പര്യങ്ങളും, സമൂഹത്തിലെ ഉച്ചനീചത്വങ്ങളും, വ്യക്തിഹത്യകളും, താരതമ്യപെടുത്തലുകളും എല്ലാം ഒരു വ്യക്തിയുടെ മനോനിലയെ തകിടംമറിക്കാനും വിഷാദാവസ്തയിൽ മനസ്സിനെ എത്തിക്കാനും ഉതകുന്നവയിൽ ചില കാരണങ്ങൾ മാത്രം ആണ്.

ശാസ്ത്രവും സാങ്കേതികവിദ്യയും ബഹു ദൂരം മുന്നിട്ടപ്പോഴും ചുരുങ്ങിപ്പോയത് നമ്മുടെ മനസ്സാണ്, കെട്ടുറപ്പില്ലാത്ത നമ്മുടെ ബന്ധങ്ങളും അടിയുറപ്പില്ലാത്ത നമ്മുടെ സൗഹൃദങ്ങളും ആണ്. സമൂഹമാധ്യമത്തിൽ ആയിരക്കണക്കിനു സുഹൃദ്ബന്ധങ്ങൾ നമുക്ക് ഉണ്ടായിരിക്കുമ്പോഴും ഉള്ളുതുറന്നു സംസാരിക്കാൻ കേവലം ഒരു ആത്മാർത്ഥ സുഹൃത്ത്‌ പോലും ഇല്ലാത്ത തികച്ചും പരിതാപകരമായ അവസ്ഥയാണ് നമ്മിൽ ഏറിയവർക്കും ഇന്നുള്ളത്.

ജീവിതത്തിലെ പല ഘട്ടങ്ങളിലും വ്യത്യസ്തമായ തോതിൽ നാമേവരും മനോവിഷമങ്ങളിലൂടെ കടന്നു പോകാറുണ്ട് എന്നത് സത്യമായ ഒരു വസ്തുത തന്നെ ആണ്. അത്തരം പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുമ്പോൾ ആണ് നമ്മുടെ മനസ്സ് പക്വതയുള്ളതാകുന്നത്. എന്റെ മനസ്സ് ഏറെ ചഞ്ചലപെട്ടതും ആകുലപ്പെട്ടതും മൂന്നു വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ പൊന്നോമന മകന് ‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ‘എന്ന ഡയഗ്നോസിസ് കിട്ടിയപ്പോൾ ആയിരുന്നു. ആതുരശുശ്രൂഷാ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നിട്ട് കൂടി സ്വജീവിതത്തിൽ വന്ന അനുഭവം ഞങ്ങൾക്കു തീർത്തും വേദനാജനകം ആയിരുന്നു . ആ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുവാനും സന്തോഷത്തോടെ മുന്പോട്ടു പോകുവാനും ഞങ്ങൾക്കു കഴിഞ്ഞതു ഈശ്വരവിശ്വാസം കൊണ്ടും, പരസ്പരരാശ്രയം കൊണ്ടും, സ്നേഹിക്കുന്ന ഒരു പിടി ബന്ധങ്ങളുടെ കരുതലും കൊണ്ടും മാത്രം ആണ്.

സൈബർസ്പേസിലൂടെ ലോകത്തു നടക്കുന്ന എല്ലാ സംഭവങ്ങളും യഥാതദ നമ്മൾ അറിയുമ്പോഴും, നമ്മുടെ തൊട്ട് അയൽവക്കത്തു താമസിക്കുന്നത് ആരാണെന്നു നമ്മിൽ മിക്കവര്ക്കും അറിയാനാവാത്തതു തികച്ചും വിരോധാഭാസം ആണ്. വൈകിയെങ്കിലും നമ്മൾ ഏറെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു,മറന്നുകളഞ്ഞ ശീലങ്ങളിൽ ചിലത് എങ്കിലും പഴയ തലമുറയിൽ നിന്നും സ്വീകരിക്കേണ്ടിയിരിക്കുന്നു. മത്സരബുദ്ധിയോടെയും, ലക്ഷ്യബോധത്തോടെയും കുട്ടികളെ വളർത്തുവാൻ നമ്മൾ പാടുപെടുമ്പോൾ അവരിൽ അത്യവശ്യം ഉണ്ടാകേണ്ട ഗുണഗണങ്ങൾ വേദനിക്കുവരോട് അനുകമ്പ കാണിക്കാനും, മറ്റുള്ളവരോട് കരുണയോടെയും സ്നേഹത്തോടെയും നിസ്വാർത്ഥമായും പെരുമാറാനും ഉള്ള ഒരു മനസ്സ് ആണെന്ന് നമ്മൾ ചെറുപ്പംമുതലേ പറഞ്ഞു മനസ്സിലാക്കേണ്ടിയിരിക്കുന്നു, അതവർക്കു കാണിച്ചും കൊടുക്കേണ്ടിയിരിക്കുന്നു .

ശരീര ശ്രദ്ധക്ക് ജിമ്നാഷ്യത്തെ ആശ്രയിക്കുന്നതുപോലെ മനസ്സിന്റെ ആരോഗ്യത്തിനും പരിപാലനത്തിനും സന്തോഷത്തിനും ഉതകുന്ന പ്രവർത്തനങ്ങളിൽ നാം വ്യാപൃതരാകണം . തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലും, കുറഞ്ഞ പക്ഷം നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്കു വേണ്ടി അല്പസമയം കണ്ടെത്തണം.ഇടയ്ക്കു ഒരു ഫോൺ ചെയ്യാൻ, സുഖമാണോ എന്നു മെസ്സേജ് ചെയ്തു തിരക്കുവാൻ വല്ലപ്പോഴും എങ്കിലും നമുക്കു സാധിക്കണം. സുന്ദരമായ സായന്തനങ്ങളിൽ ഒരു ചായക്ക്‌ നമ്മുടെ അയൽക്കാരനെയോ സുഹൃത്തുക്കളെയോ ഒക്കെ വീടുകളിലേക്ക് ക്ഷണിക്കുവാൻ സമയം കണ്ടെത്തണം , അവരോടു സംസാരിക്കുവാൻ, മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ.
ഒരു കാര്യം നല്ലതു കണ്ടാൽ പ്രശംസിക്കുവാനും തെറ്റുകൾ കണ്ടാൽ സ്നേഹപൂർവ്വം തിരുത്താനും നമുക്ക് ഇടയാകട്ടെ.

തുറക്കാം നമ്മുടെ വീടിന്റെ പൂമുഖ വാതിൽ ഏവരെയും സ്വീകരിക്കാൻ, തുറക്കാം നമ്മുടെ കാതുകൾ മറ്റുള്ളവരെ ശ്രവിക്കാൻ. വിഷാദത്തിലേക്ക് ആരും ഇനിയെങ്കിലും എത്തിപെടാതിരിക്കട്ടെ. ആരോഗ്യമുള്ള സുമനസ്സുകളായ വ്യക്തിത്വങ്ങൾ ആകാൻ നമുക്ക് കഴിയട്ടെ.

Sujith Thomas

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.