പിറന്നാൾ എന്ന സുദിനം

ഓരോ ജന്മദിനവും, മനസ്സിന്റെ ഏകാന്തതയിൽ നമുക്ക് ഒരു ഓർമപ്പെടുത്തൽ ആണ്. കടന്നു പോയ വഴിത്താരകളെ, കണ്ടുമുട്ടിയ വ്യക്തിത്വങ്ങളെ, സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങളെ,ജീവിതത്തിൽ പഠിച്ച പാഠങ്ങളെ, സർവ്വോപരി ഈശ്വരൻ നൽകിയ നിരവധിയായ അനുഗ്രങ്ങളെ.
ഓരോ ജന്മദിനവും നമ്മെ ഓർമ്മിപ്പിക്കുന്ന വലിയ ഒരു സത്യം നമ്മുടെ ജീവിതത്തിൽ നിന്നും മനോഹരമായ ഒരു വർഷം കൂടെ കൊഴിഞ്ഞു പോയിരിക്കുന്നു എന്നതാണ്. വിശ്രമിക്കും മുൻപ് ചെയ്തു തീർക്കുവാൻ ഒരുപാട് ജോലികളും, മനസ്സിന്റെ ഏടുകളിൽ കോറിയിരിക്കുന്ന ഒരായിരം കഥകളും പറയുവാൻ ബാക്കിയാണ് എന്ന വസ്തുത എന്നെ കൂടുതൽ കർത്തവ്യനിരതൻ ആക്കുന്നു.

കഴിഞ്ഞുപോയ ഓരോ ജന്മദിനവും ഒരുപാട് സന്തോഷം നിറഞ്ഞവ ആയിരുന്നു.ശൈശവം മുതൽ യൗവനം വരെയുള്ള എല്ലാ പിറന്നാളുകളും ആഘോഷിച്ചത് അമ്മ ആണ്. ഗ്രാമത്തിന്റെ പരിശുദ്ധിയിൽ സഹോദരങ്ങളോടൊപ്പം ചിലവഴിച്ച ആ ജന്മദിനങ്ങൾ ആണ് ജീവിതത്തിൽ ഏറ്റവും നിറപ്പകിട്ടാർന്നത്‌ ആയി തോന്നിയിട്ടുള്ളത്. മറ്റുള്ള ദിവസങ്ങളേക്കാൾ പിറന്നാൾ ദിനം സവിശേഷത നിറഞ്ഞതാണെന്ന ഒരു തോന്നൽ എന്നിൽ ഉണ്ടായത് അമ്മയുടെ തനതായ രീതിയിൽ ഉള്ള പിറന്നാൾ ആഘോഷം കൊണ്ടു മാത്രം ആണ്.

വർഷത്തിലെ ഒട്ടുമിക്കവാറും ദിവസങ്ങളും, ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും, വലിയ ആഘോഷങ്ങൾ ആയി കൊണ്ടാടപ്പെടുന്ന ഇന്നത്തെ സങ്കല്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, നാമമാത്രമായി,വർഷത്തിൽ ചുരുക്കം ചില ദിവസങ്ങൾ മാത്രം വിശേഷപ്പെട്ടതായി കാണുന്നതായിരുന്നുവല്ലോ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്ക് മുൻപു വരെയുള്ള കാലങ്ങളിലെ രീതികൾ. ആഘോഷങ്ങൾ മിതവും ഏറെക്കുറെ അനാർഭാടവും ആയിരുന്ന ആ കാലത്ത് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതും ലളിതവും ആയിരുന്നു പിറന്നാൾദിനം.

പിറന്നാൾ സമ്മാനം ആയി അമ്മ വാങ്ങി തന്നിരുന്ന പുതിയ ഷർട്ടും ട്രൗസറും ഇട്ട് പള്ളിയിൽ പോകുന്നത് മുതൽ തുടങ്ങുന്നു ആ പ്രത്യേക ദിനം. ഭക്തയായ ആ മാതാവിന് ഞങ്ങൾ കുട്ടികൾ നാലു പേരും പിറന്നാൾ ദിവസം പള്ളിയിൽ പോയി പ്രാർത്ഥിച്ചു ദൈവത്തിനു നന്ദി പറയണം എന്നത് നിർബന്ധം ആയിരുന്നു. വർഷങ്ങൾക്കിപ്പുറവും അതിനു അശേഷം ഒരു മുടക്കവും വന്നിട്ടില്ല.
അന്നേ ദിവസത്തെ പ്രാതലും, ഉച്ചയൂണും, നാലുമണി പലഹാരവും, അത്താഴവും എല്ലാം പിറന്നാൾകാരന്റെയോ(കാരിയുടെയോ ) ഇഷ്ടം അനുസരിച്ചു ആയിരുന്നു അമ്മ പാചകം ചെയ്തു വിളമ്പിയത്. കൂട്ടുകാർക്കു കൊടുക്കുവാൻ തന്നു വിട്ടിരുന്ന പകിട്ടേറിയ, ചുവപ്പും തവിട്ടും കലർന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ എക്ലയർ മിട്ടായിയും, അയല്പക്കങ്ങളിലെക്ക് കൊടുത്തു അയച്ചിരുന്ന പരിപ്പ് പായസവും ഒക്കെ എത്ര മധുരിതം ആയിരുന്നു.

സ്പെയിനിലെ ബാർസിലോണ നഗരത്തിൽ ജീവിച്ച ഒൻപതു വർഷവും പിറന്നാൾ ആഘോഷിക്കപ്പെട്ടത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം ആയിരുന്നു. എന്റെ ആത്മമിത്രങ്ങൾ ആയ സുബിന്റെയും നീയൂണിന്റെയും ഒപ്പം ആയിരുന്നു എല്ലാ പിറന്നാളുകളും. ഞങ്ങളുടെ മൂവരുടെയും ജന്മദിനം അടുത്തടുത്ത ദിവസങ്ങളിൽ ആയിരുന്നതിനാൽ ഒരുമിച്ചായിരുന്നു എപ്പോളും ആഘോഷിച്ചത്. പ്രിയ സുഹൃത്‌ റോബിൻ ആയിരുന്നു മിക്കവാറും അവസരങ്ങളിൽ ആതിഥേയൻ. പരസ്പരം സമ്മാനങ്ങൾ കൈമാറിയും, ഒരുമിച്ചു കേക്ക് മുറിച്ചും ആയിരുന്നു ആ പിറന്നാളുകൾ.

വിവാഹശേഷം ഇംഗ്ലണ്ടിലേക്ക് താമസം മാറിയപ്പോൾ കഴിഞ്ഞ ഏഴു വർഷങ്ങളിലും പിറന്നാൾ ലളിതവും എന്നാൽ അതിമനോഹരവും ആക്കിയത് പ്രിയപത്‌നി ഡയാന ആണ്. പള്ളിയിൽ പോയി പ്രാർത്ഥിച്ചു തിരി കത്തിക്കുന്നതിലും, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലും, കേക്ക് മുറിക്കുന്നതിലും, ആശംസകൾ അറിയിക്കുന്നവർക്ക് നന്ദി പറയുന്നതിലും, സന്തോഷകരമായ ഒരു ഒത്തുചേരൽ ആയി തീരുന്നതിലും ഞങ്ങളുടെ പിറന്നാൾ ദിനം ഒതുങ്ങുന്നു.ഈ വർഷത്തെ ജന്മദിനം വളരെ വിശേഷപ്പെട്ടതാകുന്നത്,ജീവിതത്തിലെ നാല്പത് സംവത്സരങ്ങൾ ഞാൻ പൂർത്തിയാക്കുമ്പോൾ, പ്രിയ പുത്രൻ ഡാനിയേലിനോടൊപ്പം, കുഞ്ഞു മകൻ ജോഷുവായും ഞങ്ങളോടൊപ്പം ഉണ്ടെന്നതിനാൽ ആണ് .


ആയുർ ആരോഗ്യ സൗഖ്യം ഈശ്വരനോട് അപേക്ഷിക്കുന്നതോടൊപ്പം, ശിഷ്ടകാലം ധാരാളം നല്ല രചനകൾ കുറിക്കുവാൻ എന്റെ തൂലികക്ക് കഴിയണമെന്നതും, പരമ്പരാഗതവും നൂതനവുമായ നളപാചക പംക്‌തികളിലൂടെ മറ്റുള്ളവർക്ക് പ്രോത്സാഹനം ആകാൻ ഇടയാകുമാറാകണം എന്നതും ആണ് ഈ ജന്മദിനത്തിലെ എന്റെ അദമ്യമായ ആഗ്രഹങ്ങൾ.

വർഷങ്ങൾ ആയി കേൾക്കാൻ കാതോർത്തിരിക്കുന്ന പ്രിയപൈതലിൻ സ്വരം കേൾക്കാൻ ഈ കർണ്ണങ്ങൾക്കു കഴിയുമാറാകട്ടെ എന്നതാണ് നാല്പതാം പിറന്നാൾ സുദിനത്തിലെ പ്രാർത്ഥന.

സുജിത് തോമസ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.