സ്വയം ഉരുകി തീരുന്ന മെഴുതിരികൾ

ജീവിതമെന്ന വേദിയിൽ ഏവരും ഭംഗിയായി നടനം ആടുമ്പോൾ,തിരശീലക്കു പിന്നിൽ ആരാലും ശ്രദ്ധിക്കപെടാതെയും, പ്രശംസകളിൽ ആകൃഷ്ടരാകാതെയും, എന്നാൽ തങ്ങളുടെ കടമ അതിഗംഭീരമായി നിർവഹിച്ചു,താൻ സ്നേഹിക്കുന്നവരുടെ ഉന്നമനത്തിനായി ത്യാഗജീവിതം നയിച്ചു, വർണ്ണശബളമായ ഒരു ജീവിതം ഇല്ലാതെ കാലയവനികക്കുള്ളിൽ മറഞ്ഞു പോകുന്ന മഹത്
വ്യക്തിത്വങ്ങളിൽപെട്ടവർ ആണ് എന്റെ ചിന്താസരണിയിൽ ഓടിയെത്തുന്നത് . അത്തരം ആളുകളെ നന്ദിയോടും, സ്നേഹത്തോടും, തികഞ്ഞ ബഹുമാനത്തോടെയും മാത്രമേ എനിക്ക് ഓർക്കാൻ സാധിക്കൂ.

കുഞ്ഞിപ്പാലു സാറിനെ ഞാൻ ആദ്യമായി കണ്ടത് എന്റെ ബാല്യകാലത്താണ്.തന്റെ നാമഥേയത്തെ അന്വർത്ഥമാക്കും വിധം ആളിൽ കുറിയവൻ ആയിരുന്നു അദ്ദേഹം. വലുപ്പച്ചെറുപ്പം ഇല്ലാതെ ഏവരും അദ്ദേഹത്തെ സാറെന്നും, കൊച്ചുകുഞ്ഞുങ്ങൾ ‘സാർ അപ്പൂപ്പൻ’ എന്നും അഭിസംബോധന ചെയ്തു.പേരിൽ സാർ ഉണ്ടെങ്കിലും,സർവ്വകലാശാല ബിരുദങ്ങളോ യോഗ്യതകളോ എന്തിനേറെ പറയുന്നു പ്രാഥമിക വിദ്യാഭ്യാസം പോലുമോ ആൾക്ക് ഇല്ലായിരുന്നു. എന്നിരുന്നാലും ലോകത്തെ ഒരു കലാക്ഷേത്രത്തിൽ നിന്നും ലഭിക്കാൻ ഇടയില്ലാത്ത സത്ഗുണങ്ങളായ തികഞ്ഞ സത്യസന്ധതയും, ആത്മാർത്ഥതയും സ്നേഹവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ എന്റെ അമ്മവീട്ടിലെ കാരണവരോ, ചേട്ടനോ കാര്യസ്ഥനോ ഒക്കെ ആയിരുന്നു അദ്ദേഹം.

അരനൂറ്റാണ്ട് മുൻപ്, കൗമാരത്തിന്റെ ആരംഭത്തിൽ എപ്പോളോ ആണ് അദ്ദേഹം ആ കുടുംബത്തിൽ എത്തപ്പെട്ടത്.വടക്കുംനാഥന്റെ നാട്ടിലെ ഒരു കുലീന കുടുംബാംഗം ആയിരുന്നു കുഞ്ഞിപ്പാലു. സാമ്പത്തികമായി തകർന്ന ഒരു വീട്ടിലെ മൂത്ത മകൻ ആയിരുന്നു ആ കുട്ടി. പറക്കമുറ്റാത്ത കുരുന്നു മക്കളും ആയി സമ്പന്നരുടെ നാടായ കാഞ്ഞിരപ്പള്ളിയിൽ ബസ് ഇറങ്ങുമ്പോൾ ആരെങ്കിലും തങ്ങളെ സഹായിക്കാതിരിക്കില്ല എന്ന് ആ സാധു മാതാപിതാക്കൾ വിശ്വസിച്ചിരിക്കണം. നന്നേ ചെറുപ്രായത്തിലെ, കുഞ്ഞിപ്പാലുവിന്റെ തോളിൽ ഉത്തരവാദിത്വത്തിന്റെ കനത്ത മാറാപ്പ് ഉണ്ടായിരുന്നു.നല്ലവനായ എന്റെ വലിയപ്പൻ ആ കുഞ്ഞിനെ ആശ്ലേഷിച്ചു കൂടെ ചേർത്തപ്പോൾ,ആ മനസ്സിൽ അധികം ഒന്നും സ്വപ്‌നങ്ങൾ ഉണ്ടായിരിക്കാൻ തെല്ലും സാധ്യതയില്ല . അരച്ചാൺ വയർ നിറക്കാനുള്ള അന്നവും, തല ചായ്ച്ചുറങ്ങാൻ ഒരു ഇടവും കിട്ടിയ സന്തോഷം ആയിരുന്നിരിക്കണം ആ ഹൃദയം നിറയെ. വല്യപ്പനോ,വിടരും മുൻപേ കൊഴിഞ്ഞുപോയ തന്റെ ആദ്യജാതൻ ടോമികുട്ടന് പകരക്കാരനായി ഈ മകനെ കണ്ടിരിക്കാം. തോട്ടം ഉടമസ്ഥനായ വല്യപ്പന്റെ തിരക്കുപിടിച്ച ജീവിതയാത്രയിലും, ആസ്തമ മൂലം അനാരോഗ്യവതിയായ അമ്മച്ചിക്ക് ഒരു മൂത്തമകനെ എന്ന പോലെ വലംകൈ ആയി വർത്തിച്ചത് കുഞ്ഞിപാലു സാർ ആണ്.

കുഞ്ഞുനാൾ മുതൽ ഏറെ കൗതുകത്തോടെയാണ് ഞാൻ അദ്ദേഹത്തെ വീക്ഷിച്ചത്. അദേഹത്തിന്റെ ജീവിതചര്യകൾ എന്നെ ഏറെ ആശ്ചര്യപെടുത്തിയിട്ടുണ്ട്.കുഞ്ഞിപ്പാലു സാർ ഉറങ്ങുന്നതും ഉണരുന്നതും എപ്പോൾ എന്ന് ആ വീട്ടിൽ ആർക്കും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.അരിപത്തായതിനു മുകളിൽ പായ വിരിച്ചായിരുന്നു ആൾ ഉറങ്ങിയിരുന്നത്.നടുമുറ്റത്തോട് ചേർന്ന സ്വന്തം മുറിയിൽ ഒരിക്കലും കിടക്കാത്തതിന് കാരണം പറഞ്ഞതാകട്ടെ അവിടെ കിടക്കയിൽ കിടന്നാൽ ഉറക്കം വരില്ലെന്ന്. രാത്രിയുടെ യാമങ്ങളിൽ എപ്പോളോ ആണ് അദ്ദേഹം ഉറങ്ങിയിരുന്നത്, സൂര്യനുദിക്കും മുൻപേ അദ്ദേഹം ഉണർന്നിരുന്നു. ഘടികാര ചലനം നോക്കിയല്ലായിരുന്നു അദേഹത്തിന്റെ ജോലികൾ. സൂര്യചന്ദ്രൻമാരെ നോക്കി സമയം കണക്കുകൂട്ടി, തെളിഞ്ഞതും മേഘാവൃതവും ആയ വാനത്തെ നോക്കി വെയിലും മഴയും നിശ്ചയിച്ചു തന്റെ ജോലികളെ അദ്ദേഹം തിട്ടപ്പെടുത്തി.ആ വലിയ ബംഗ്ലാവിൽ കുടുംബാംഗങ്ങൾ എണീറ്റു വരുമ്പോളേക്കും,ഊട്ടുമുറിയിലെ തീന്മേശയിൽ അത്യന്തം രുചികരമായ പ്രഭാതഭക്ഷണം അദ്ദേഹം വിളമ്പിയിരുന്നു. പാചകം ഒരു കലയായി എനിക്കു തോന്നിയത് അദേഹത്തിന്റെ പാചകവിധികൾ ആസ്വദിച്ചിട്ടാണ്. താളാത്മകവും ചടുലവും ആയിട്ടായിരുന്നു അദേഹത്തിന്റെ വേലകൾ. ഉച്ചയൂണിനുള്ള വിഭവങ്ങൾ കാലേകൂട്ടി ഒരുക്കിയ ശേഷം തോട്ടത്തിലെ കാര്യസ്ഥവേലകളിൽ ഏർപ്പെട്ടു. കൈലി മുണ്ടുടുത്ത്‌, തോളത്തു ചിലപ്പോൾ ഒരു ചെറിയ തോർത്തും ഇട്ടു, ദ്രുതഗതിയിൽ നടക്കുന്ന ആ കുറിയ മനുഷ്യനെ ജിജ്ഞാസയോടെയെ ആർക്കും നോക്കാൻ കഴിയൂ.

കൗമാരവും യൗവനവും വാർദ്ധക്യവും ആ ഭവനത്തിൽ കഴിച്ചുകൂട്ടിയപ്പോഴും ഒരിക്കലും തന്റേതായ ഒരാഗ്രവും ഒരിടത്തും പറഞ്ഞതായി കേട്ടിട്ടില്ല. തന്റെ യുവത്വത്തിൽ ഒരിക്കൽ പോലും ജീവിതയാത്രയിൽ ഒരാളെക്കൂടി കൂടെ കൂട്ടാം എന്നു ഒട്ടും തോന്നിയതുമില്ല.മഹാകവി കുമാരനാശാന്റെ കവിതാശകലത്തിലെ ‘മാംസനിബദ്ധമല്ല രാഗം’എന്നതു പോലെ ആയിരുന്നു കുഞ്ഞിപ്പാലു സാറിന്റെയും ജീവിതം. അദ്ദേഹം ശരീരത്തിന്റെ അഭിലാഷങ്ങളെ അല്ല, മനസ്സിന്റെ ബോധ്യങ്ങളെ ആണ് പിഞ്ചെന്നത്. ഒരു യോഗിയുടെ തപം ചെയ്ത മനസ്സോടെ, തന്റെ കുടുംബത്തോടുള്ള കടമകൾ നിറവേറ്റി കർത്തവ്യ നിർവഹണത്തിൽ വ്യാപൃതനായി. തന്റെ ഇളയ സഹോദരങ്ങളെ എല്ലാം യഥാസമയം തക്ക ജീവിതതാന്തസ്സിൽ പ്രവേശിപ്പിച്ചു, അതിൽ ഏറെ അഭിമാനം കൊണ്ടു. ചിലപ്പോഴെങ്കിലും തറവാട്ടിലെ ഇളമുറക്കാരുടെ ചൊടിപ്പിക്കുന്ന വർത്തമാനങ്ങളിൽ ദേഷ്യം വരുമ്പോൾ അതുമിതും പിറുപിറുത്തു കൂടുതൽ ജോലികൾ ചെയ്തു അദ്ദേഹം സ്വയം ആശ്വസിച്ചു.

തറവാട് ഭാഗം വെച്ചപ്പോൾ വല്യപ്പൻ സാറിന് വെച്ച വീതവും മറ്റുള്ളവർക്ക് സഹായം ആയി കൊടുത്തിട്ട് ആ കർമ്മയോഗി പിൻവാങ്ങി. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അദേഹത്തിന്റെ ആഗ്രഹം പോലെ എന്റെ വീട്ടിലേക്ക് അമ്മ സന്തോഷത്തോടെ കൂട്ടികൊണ്ടുവരുകയും,സ്വന്തം ജേഷ്ഠനെ എന്ന വണ്ണം ശുശ്രൂഷിക്കുകയും ചെയ്തു. അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ഒരിക്കലും കണ്ണു നിറയാതെ ഞാൻ യാത്ര പറഞ്ഞിട്ടില്ല. ആ കവിളിൽ ഉമ്മ കൊടുക്കുമ്പോൾ ഒക്കെ ഞാനും സാറും മിഴിനീർവാർത്തിട്ടുണ്ടാകും. അദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് കുടുംബത്തിൽ വലിയ വിലയുണ്ടായിരുന്നു. ആ കരങ്ങളുടെ അനുഗ്രഹാശിസ്സുകൾ വാങ്ങാൻ പുതുതലമുറയിലെ ഞങ്ങൾ മിക്കവരും ഉത്സാഹം കാട്ടിയിരുന്നു.

മൂന്ന് വർഷങ്ങൾക്കു മുമ്പ്,ഭാവപ്പകർച്ചകൾ ഇല്ലാതെ ജീവിതത്തിലെ തന്റെ വേഷം അഴിച്ചുവെച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് നിത്യസമ്മാനത്തിനായി ആ പുണ്യാത്‌മാവ്‌ യാത്രയപ്പോൾ അവസാനിച്ചത് അപൂർവങ്ങളിൽ അപൂർവമായ ഏറെ സ്വഭാവവൈശിഷ്ട്യം നിറഞ്ഞ ഒരു മഹത് വ്യക്തിയുടെയും ഒരു കാലഘട്ടത്തിന്റെയും അന്ത്യം ആയിരുന്നു.

നമ്മുടെ ചുറ്റും ഇങ്ങനെ എത്രയോ മഹാരഥന്മാരും, മഹിളാരത്നങ്ങളും ഉണ്ട്. താരപ്പകിട്ടോ, കൊട്ടിഘോഷിക്കാൻ പറ്റിയ പേരോ പ്രശസ്തിയോ ഒന്നും ഇല്ലാത്തവർ, ആരാലും അറിയപ്പെടാത്തവർ, പക്ഷെ മറ്റുള്ളവരുടെ ജീവിതത്തിൽ അവരുടേതായ കൈയൊപ്പ് പതിപ്പിച്ചവർ. സാർത്ഥകമായ അത്തരം ജീവിതങ്ങളിൽ നിന്നാണ് നമ്മൾ മൂല്യങ്ങൾ പഠിക്കേണ്ടത്, ഒരു പക്ഷെ നാളത്തെ തലമുറയിൽ ഇത്തരം ജീവിതങ്ങളെ കണ്ടെത്തുമോ എന്നത് സംശയം തന്നെ. നമ്മുടെ മനസ്സിന്റെ വാതായനങ്ങൾ തുറക്കാം നന്മയിലേക്ക്, ഇരുട്ടിൽ പ്രകാശം പരത്താൻ സ്വയം കത്തിത്തീരുന്ന മെഴുതിരി പോലെ നമുക്കും ജ്വലിക്കാം വരുംതലമുറക്ക് വേണ്ടി, നമ്മിൽ നിന്നും അവർ സ്വീകരിക്കട്ടെ നന്മകൾ മാത്രം.

സുജിത് തോമസ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.