ബന്ധങ്ങൾ വിലപ്പെട്ടതാകുമ്പോൾ

മനുഷ്യബന്ധങ്ങളുടെ കാലപഴക്കം പ്രപഞ്ചോൽപ്പത്തി മുതൽ തുടങ്ങുന്നു. മനുഷ്യനും ദൈവവും തമ്മിൽ, മനുഷ്യനും മനുഷ്യനും തമ്മിൽ, മനുഷ്യനും പ്രകൃതിയും തമ്മിൽ ഇങ്ങനെ ഭൂമിയിലെ സർവ്വചരാചരങ്ങളും പരസ്പരം ആശ്രയിച്ചും ബന്ധപ്പെട്ടും ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എത്ര മനോഹരം ആയിട്ടാണ് ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ വരച്ചു കാണിച്ചിരിക്കുന്നത്. സൃഷ്ടിയുടെ മകുടം ആയി മനുഷ്യനെ ദൈവം ഉയർത്തിയപ്പോൾ ദൈവവും മനുഷ്യനും തമ്മിലുള്ള വലിയ സ്നേഹ ബന്ധത്തെയാണ് അവിടെ കാണിച്ചു തന്നത്.

ബന്ധങ്ങൾക്ക് എന്നും പത്തരമാറ്റ് തങ്കതിളക്കം ആണ്. സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യുപ്പെടുംപോലെ ബന്ധങ്ങൾ പലവിധ ജീവിതാനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോൾ അത് പതിന്മടങ്ങു ശോഭയുള്ളതും അമൂല്യവുമായി തീരുന്നു.
പലവിധത്തിൽ ഉള്ള ബന്ധങ്ങൾ ആണ് നമുക്ക് ഏവർക്കും ഉള്ളത്, അവ രക്തബന്ധം, ഭാര്യഭർതൃ ബന്ധം, കുടുംബബന്ധം, സുഹൃദ്ബന്ധം, സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം,അയല്പക്കകാർ തമ്മിലുള്ള ബന്ധം എന്നിങ്ങനെ നിരവധിയാണ്.

മാറി വരുന്ന ജീവിത സാഹചര്യങ്ങളിലും ചുറ്റുപാടുകളിലും ബന്ധങ്ങൾ ഇന്ന് പലപ്പോഴും അപ്രസക്തങ്ങളും ബാധ്യതകൾ ഏറിയതും ഭാരപ്പെട്ടതും ആയി പലരിലും കാണപ്പെടുന്നു. ബന്ധങ്ങളിലെ വിള്ളലുകൾ മുൻപത്തെക്കാൾ ഇന്നു ഏറെ കൂടുതൽ ആയി കാണുന്നത് മിക്കപ്പോഴും നമ്മുടെ ആശയവിനിമയത്തിലെ തകരാറുകൾ കൊണ്ടും, സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ടിതമല്ലാത്ത, സ്വാർത്ഥ താല്പര്യങ്ങൾക്കായുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോളും ആണ്. ഇടുങ്ങിയതും സങ്കുചിതവുമായ നമ്മുടെ മനസ്സും, ക്ഷമിക്കാനും വിട്ടുവീഴ്ച്ച ചെയ്യാനുമുള്ള മനോഭാവം ഇല്ലായ്മയും ഒക്കെ ബന്ധങ്ങൾ അകലാൻ ഒരു പരിധിവരെ കാരണം ആകാറും ഉണ്ട്.

നല്ലതും ആരോഗ്യകരവുമായ ബന്ധങ്ങൾ മാനവരാശിയുടെ നിലനിൽപിന് തന്നെ അത്യന്താപേക്ഷിതം ആണ്. അത്തരം ബന്ധങ്ങൾ പരിപോഷിപ്പിക്കുവാനുള്ള കടമ നമുക്കോരോരുത്തർക്കും ഉണ്ടു താനും .
ബന്ധങ്ങൾ നിലനിർത്തുന്നതിൽ ആശയവിനിമയോപാധികളുടെ പങ്ക് ബൃഹത്താണ്. കാലം പുരോഗമന പാതയിൽ മുന്നേറുമ്പോൾ, മറ്റുള്ളവരോടുള്ള നമ്മുടെ ആശയവിനിമയത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. പണ്ടൊക്കെ കത്തുകൾ അയക്കാനും സ്വീകരിക്കാനും, വിശേഷങ്ങൾ അറിയുവാനും ഒക്കെ എത്ര താല്പര്യം ആയിരുന്നു. പഠനകാലത്തും, സ്പെയിനിലെ ജീവിതകാലത്തും ഞാൻ ഏറെ സന്തോഷം കണ്ടെത്തിയത് എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കത്തുകളിലൂടെ ആയിരുന്നു. ഏതു തിരക്കിലും അതിനു ഞാൻ സമയം കണ്ടെത്തുമായിരുന്നു.
ബിരുദ, ബിരുദാനന്തര പഠനത്തിന് ഹോസ്റ്റലിൽ ആയിരുന്ന എന്റെ സഹോദരിമാരെ തേടി മുടങ്ങാതെ എല്ലാ മാസവും എന്റെ കത്ത് എത്തുമായിരുന്നു. അവരോടൊപ്പം അവരുടെ സുഹൃത്തുക്കളും ആ കത്തുകൾ വായിച്ചു രസിച്ചിരുന്നു. വർഷങ്ങൾ ആയി എനിക്കു ലഭിച്ച കത്തുകൾ ഇന്നും ഒരു നിധി പോലെ ഞാൻ അലമാരയിൽ ഭദ്രമായി കാത്തു സൂക്ഷിക്കുന്നു. അവയിൽ മദർ തെരേസ്സ, മദർ നിർമല, കാർഡിനാൾ ആന്റണി പടിയറ, കാർഡിനാൾ വർക്കി വിതയത്തിൽ എന്നിങ്ങനെ മതനേതാക്കളും, സാഹിത്യകാരന്മാരും, നാനാവിധ മേഖലകളിൽ പ്രശസ്തരായവരും മുതൽ സാധാരണക്കാർ വരെ അയച്ച കത്തുകൾ ഉണ്ട്. അവയൊക്കെ പോയ കാലഘട്ടത്തിന്റെ മധുരസ്മരണകൾ ആണെനിക്ക്. കത്തെഴുതി വായിക്കുന്ന സുഖം അതു ഇന്നത്തെ ഈമെയിയിലിനു ഇല്ലെന്നത് നഗ്‌നമായ സത്യം. പിന്നീട് സെല്ലുലാർ ഫോണിന്റ കടന്നുവരവ് കത്തെഴുതാനുള്ള ശീലത്തെ ചെറുതായെങ്കിലും ബാധിച്ചു. വാട്സ്ആപ്പ്, മെസ്സെഞ്ചർ തുടങ്ങി പലവിധ നൂതന ആശയവിനിമയോപാധികളും വന്നതോടെ കത്തെഴുത്തു പരിപൂർണ്ണമായി നിലക്കുകയും, ഫോൺ വിളികൾ കുറയുകയും ചെയ്തു.

ഇന്ന് ആർക്കും തന്നെ ഒരു സന്ദേശം ടൈപ്പ് പോലും ചെയ്യാതെ, ഇമോജികളിലൂടെയും, ജിഫുകളിലൂടെയും ഒക്കെ ആശയം കൈമാറാവുന്നത്ര തലത്തിലേക്ക് പുരോഗമനം എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ, നമ്മിൽ മിക്കവർക്കും ഫോൺ ചെയ്തു ക്ഷേമാന്വേഷണം നടത്തുന്നതോ, അല്പം പ്രയത്‌നം എടുത്തു ഒരു സന്ദേശം അയക്കുന്നതോ ഒക്കെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യം ആയിരിക്കുന്നു. എല്ലാവരും പഴിചാരുക ഒരേ ഒരു കാരണം ‘ഒന്നിനും ഒട്ടും സമയം ഇല്ല ‘എന്ന്. നമ്മുടെ ഇഷ്ടകാര്യങ്ങൾ ചെയ്യാൻ നമ്മൾ ഏതു തിരക്കിലും സമയം കണ്ടെത്താറുണ്ട്. അതുപോലെ നല്ല ബന്ധങ്ങൾക്കും വിലകല്പിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു .

പണ്ടൊക്കെ നമ്മുടെ പൂർവികർ ബന്ധങ്ങൾ വളർത്തുന്നതിൽ ഏറെ മതിപ്പും ഉത്സാഹവും കാട്ടിയിരുന്നു.
പഴയ കാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും പത്തും പന്ത്രണ്ടും കുട്ടികളെ വളർത്തിയിരുന്ന അമ്മമാർ അയൽപക്ക ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും, ദൂരെയുള്ള ബന്ധുക്കളെ സന്ദർശിക്കാൻ പലഹാരങ്ങൾ ഉണ്ടാക്കി പോകുകയും ഒക്കെ ചെയ്യുമായിരുന്നു.
ഈ ലേഖനം എഴുതുമ്പോൾ എന്റെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് യശ്ശശരീരനായ എന്റെ പ്രിയ ബന്ധു ശ്രീമാൻ മാത്യു മുണ്ടമറ്റം ആണ്. ബന്ധങ്ങളെ ജീവസ്പന്ദനം പോലെ കൊണ്ടു നടന്ന വ്യക്തിത്വം. ഭാര്യാഭർതൃ ബന്ധത്തിലെ പരസ്പര ബഹുമാനത്തിന് അദ്ദേഹം കൊടുത്തിരുന്ന പ്രാധാന്യം വിസ്മയാവഹം ആയിരുന്നു. ദാമ്പത്യത്തിന്റെ സുവർണ്ണ ജൂബിലി പിന്നിട്ടപ്പോഴും ഒരിക്കൽ പോലും ജീവിതത്തിൽ തന്റെ സഹധർമ്മിണി ലീലാമ്മയെ വാക്കുകൾകൊണ്ടോ പ്രവൃത്തികൾകൊണ്ടോ നോവിച്ചിരുന്നില്ല എന്നതും, തന്റെയും കുടുംബത്തിന്റെയും എല്ലാ ഉയർച്ചകൾക്കും ഉള്ള കാരണം തന്റെ ഭാര്യയിലെ നന്മയാണെന്നു പറഞ്ഞു എപ്പോളും വിനീതനായപ്പോളും ആ നന്മമരത്തിന്റെ ബന്ധങ്ങളോടുള്ള തീവ്രമായ സ്നേഹത്തെയും ഹൃദയ വിശാലതയെയും ആണ് അത് കാണിച്ചു തന്നത്. എല്ലാ തലമുറയിൽ ഉള്ളവരോടും നർമ്മം കലർന്ന സംഭാഷണത്തിൽ ഏർപ്പെടുകയും, തന്റെ അറിവിൽ ഉള്ള ആർക്കും സഹായം ആവശ്യം ഉള്ളപ്പോൾ അവ കണ്ടറിഞ്ഞു സഹായിക്കുകയും ചെയ്തിരുന്ന ഒരു പച്ചയായ മനുഷ്യൻ. അദേഹത്തിന്റെ മിക്ക ബന്ധുഗ്രഹങ്ങളിലേക്കും ഞായറാഴ്ചകളിൽ മുടങ്ങാതെ കുശലാന്വേഷണം തിരക്കി ഫോൺ കോളുകൾ എത്തുമായിരുന്നു. കുടുംബത്തിൽ ഇത്രയേറെ ആദരണീയനായ മറ്റൊരു വ്യക്തി ഉണ്ടായിരുന്നോ എന്നത് സംശയം തന്നെ. തിരക്കേറിയ വ്യവസായി ആയിരുന്നിട്ടും, ജീവിതത്തിൽ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ അദേഹത്തിനുണ്ടായിരുന്ന അപാരമായ വൈഭവം എന്നെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചിട്ടുള്ളത്.

സമയം അന്നും ഇന്നും ഒന്നുപോലെ മാറ്റം ഇല്ലാത്തത് ആണ്. നമ്മൾ ആണ് മാറിയത്,നമ്മുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും ജീവിത രീതികളും ആണ് മാറിയത്. ചിലർക്കെങ്കിലും നമ്മുടെ വിവരങ്ങൾ അന്വേഷിക്കാൻ വിളിക്കുന്നവരുടെ ശബ്ദം കേൾക്കുന്നതെ അരോചകം ആണ്, മനസ്സില്ലാമനസ്സോടെ ആണ് അത്തരക്കാർ സംസാരിക്കുക. വീട്ടിലേക്ക് ആരെങ്കിലും വരുമെന്ന് അറിയിച്ചാൽ പിന്നെ ആധിയും വ്യാധിയും ആയി. മുഖാമുഖം അഭിമുഖീകരിക്കാതെയും, കാതോട് കാതോരം കേൾക്കാതെയും ഇമോജികളിലൂടെ സംസാരിക്കാൻ നമ്മൾ ഇഷ്ടപെടുന്ന ‘വ്യർച്ചുൽ’ സംസ്കാരത്തിലേക്ക് ലോകം എത്തപ്പെട്ടിരിക്കുന്നു.

ബന്ധങ്ങൾക്കു ആവശ്യമായ അതിരുകൾ കല്പിക്കുന്നതിലൂടെയും , അനാവശ്യ സംസാരവും, ഇടപെടലുകളും ഒഴിവാക്കുന്നതിലൂടെയും, സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും അടിസ്ഥാപിതമായ ഇഴയടുപ്പമുള്ള, ഊടും പാവും പോലെ ചേർന്നു പോകുന്ന മൂല്യാധിഷ്ടിതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുമ്പോൾ, നല്ല നാളേക്ക് വേണ്ടി ഒരു കരുതൽ കൂടിയാണ് നമ്മൾ ഉണ്ടാക്കുന്നത്, അപ്പോൾ നമ്മുടെ മിക്ക ബന്ധങ്ങളും ബന്ധനങ്ങൾ അല്ലാതെ ഊഷ്മളവും വിലപ്പെട്ടതും ആയി തീരും. ബദ്ധങ്ങളെ മാനിക്കുന്ന ഒരു സമൂഹത്തെ നമുക്കും നട്ടു നനച്ചു വളർത്താം നല്ല നാളേക്കു വേണ്ടി.

സുജിത് തോമസ്
പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ്‌ ഫിസിയോളജിസ്‌റ്
ഇംഗ്ലണ്ട്

My letter collection

One Comment Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.