മായാജാല വിദഗ്ധന്റെ മാന്ത്രിക ദണ്ഡിന്റെ സ്പർശത്താൽ ഒരു കൈലേസ് പനിനീർ പുഷ്പം ആയി രൂപാന്തരം പ്രാപിക്കുന്നതു പോലെയാണ് നമ്മുടെ ചില വാക്കുകൾ മറ്റുള്ളവരുടെ വരണ്ട ഹൃദയങ്ങളിൽ ആനന്ദത്തിന്റെയും മാനസാന്തരത്തിന്റെയും പേമാരി പെയ്യിക്കുന്നത്. ഒട്ടുമിക്ക ശിലാഹൃദയങ്ങളെയും മഞ്ഞുപോലെ ഉരുക്കുവാനും,സ്നേഹാഗ്നിയാൽ അവയെ ജ്വലിപ്പിക്കുവാനും, മനസ്സിൽ ശീതളിമ ചൊരിയുവാനും, കുളിർമഴ വർഷിക്കുവാനും ഉതകുംവിധം ശക്തമായ പദങ്ങൾ ആണ് നന്ദി, ക്ഷമ, ദയവായി എന്നിവ.
പതിനേഴു വർഷങ്ങൾക്കു മുൻപ്, ഇരുപത്തിമൂന്നാം വയസ്സിൽ, പാശ്ചാത്യനാടിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഏകചിന്ത സ്പെയിനിലെ ജിറോണ സർവ്വകലാശാലയിൽ നിന്നും ഞാൻ കരസ്ഥമാക്കാൻ ഉദേശിച്ചിരുന്ന ബിരുദാനന്തരബിരുദത്തെ കുറിച്ചു മാത്രം ആയിരുന്നു. പാശ്ചാത്യ സംസ്ക്കാരത്തെ കുറിച്ചോ അവിടുത്തെ ആളുകളുടെ ജീവിതരീതിയെകുറിച്ചോ എനിക്കുണ്ടായിരുന്ന അറിവ് പരിമിതവും, മുകുന്ദന്റെ ‘മയ്യഴി പുഴയുടെ തീരങ്ങളിൽ’നിന്നും പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യിൽ നിന്നും, പ്രൊഫസ്സർ ശിവദാസിന്റെ ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും’എന്നീ സാഹിത്യരചനകളിൽ നിന്നും ഞാൻ വായിച്ചറിഞ്ഞതും, എന്റെ മുത്തശ്ശനും, മുതുമുത്തശ്ശനും, മുതുമുത്തശ്ശിയും ഒക്കെ നൂറും എഴുപതും വർഷങ്ങൾക്കു മുൻപ് അവരവരുടെ ചെറുപ്പകാലങ്ങളിൽ നടത്തിയ ദീർഘകാല യൂറോപ്യൻ പര്യടനകഥകളിൽ നിന്നും നേരിട്ടോ അല്ലാതെയോ ഞാൻ കേട്ടറിഞ്ഞ അറിവും മാത്രം ആയിരുന്നു. അവയിൽ ഒന്നിലും ഞാൻ കേൾക്കാത്തതും വായിക്കാൻ വിട്ടുപോയതും ആയ മാന്ത്രിക പദപ്രയോഗങ്ങൾ ആണ് പിന്നീട് ഞാൻ എന്റെ വിദേശ ജീവിതത്തിൽ നേരിട്ട് അറിഞ്ഞു മനസ്സിലാക്കിയത്.
ബാർസിലോണ വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകുവാനായി കയറിയ ടാക്സി കാറിന്റെ ഡ്രൈവർ ആണ് ആദ്യം ആയി ‘നന്ദി’ എന്ന് അർത്ഥം വരുന്ന ‘ഗ്രാസിയസ്’ എന്ന സ്പാനിഷ് പദം പറഞ്ഞു കേട്ടത്. പിന്നീട് താമസിക്കുവാൻ ചെന്ന അരഗോൺ വീഥിയിലെ അപാർട്മെന്റിന്റെ സംരക്ഷകയായ മദാമ്മ, കൈയിൽ വീടിന്റെ താക്കോൽകൂട്ടം വച്ചു തന്നപ്പോളും പറഞ്ഞതു ‘ഗ്രാസിയസ്’. ആംഗലേയ ഭാഷ തീർത്തും സംസാരിക്കാൻ സാധ്യത ഇല്ലാത്ത നാട്ടിലേക്ക് ആണ് ഞാൻ പോകുന്നതെന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നതിനാൽ കൈയ്യിൽ ഒരു സ്പാനിഷ്- ഇംഗ്ലീഷ് നിഘണ്ടു കരുതാൻ ഉപദേശിച്ചത് അന്യനാട്ടിൽ ഉപരിപഠനം പൂർത്തിയാക്കിയ മൂത്ത സഹോദരി സീതമ്മയാണ്. സഹോദരിയെ മനസ്സാ സ്മരിച്ചു ‘ഗ്രാസിയസ് ‘പദത്തിന്റ അർത്ഥം നിഘണ്ടുവിൽ പരതിയ ഞാൻ,ഈ നാട്ടിലെ ആളുകൾ എത്ര നിസ്സാര കാര്യത്തിനും നന്ദി പറയുന്നതെന്തിന് എന്ന് ചിന്തിച്ച് വിനാഴികകൾ കഴിച്ചുകൂട്ടി.
ഒരു വർഷത്തിന് ശേഷം സ്പാനിഷ് മേലുദ്യോഗസ്ഥരുടെ കീഴിൽ സ്ഥിര ജോലിക്ക് ചേർന്നപ്പോൾ ആണ്, കമ്പനി ഉടമസ്ഥയായ നിയവസ് അമ്മച്ചി, തന്റെ ജോലിക്കാരിയായ റൂത്തിനു ജോലിക്കിടയിൽ പറ്റിയ ഒരു തെറ്റിന്, റൂത്തിനോട് , ‘ലോസ്സിയന്തോ’, ‘പെർഡോണാ’ എന്നീ വാക്കുകൾ പറഞ്ഞു കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടത്. ഇതിനോടകം സ്പാനിഷ് ഭാഷയിൽ അത്യാവശ്യം പ്രാവീണ്യം നേടിയിരുന്നതിനാൽ ഈ വാക്കുകളുടെ അർത്ഥം ഞാൻ നന്നായി മനസ്സിലാക്കിയിരുന്നു. റൂത്തിനു പറ്റിയ കൈയബദ്ധത്തിനു, ‘ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്നും അതു സാരമില്ല’എന്നും പറഞ്ഞു തെറ്റിനെ നിസ്സാരവൽക്കരിച്ചപ്പോളും ‘ആ മഹതി അങ്ങനെ പറഞ്ഞത് എന്തിനെന്ന എന്റെ സംശയം തീർത്തത്, അമ്മക്കു തുല്യം സ്നേഹിച്ച കാത്തി അമ്മച്ചിയാണ്. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയോട് തന്റെ ഖേദം പ്രകടിപ്പിക്കുകയും,കൂടെ ചേർത്തു നിർത്തുകയും ചെയ്ത ആ വിശാല മനസ്സാക്ഷിയും സംസ്ക്കാരവും എന്നെ ഏറെ അത്ഭുതപരതന്ത്രനാക്കി. കാരണം അതുവരെ ഞാൻ പുസ്തകത്താളുകളിൽ മാത്രം കണ്ടു വളർന്ന വാക്കുകളും , കൈരളിയിൽ തീർത്തും ഉപയോഗശൂന്യമായ പദാവലികളും ആയിരുന്നു അവയിൽ മിക്കവയും.
യജമാനന്മാർ ദാസന്മാർക്കും , മേലാളന്മാർ കീഴാളന്മാർക്കും കല്പനകൾ കൊടുക്കുകയും,ദാസന്മാർ കേവലം ആജ്ഞാനുവർത്തികൾ ആകുന്നതും കണ്ടു പരിചയിച്ചിരിക്കുന്ന ഒരു ദേശത്തു നിന്നും, വിദേശത്തേക്കു പറിച്ചുമാറ്റപെട്ട എനിക്ക്, ഇന്നാട്ടിലെ ജനങ്ങൾ സമൂഹത്തിലെ തന്റെ സ്ഥാനമാനങ്ങൾ വകവെക്കാതെ എല്ലാ ചോദ്യങ്ങളുടെയും ആരംഭത്തിൽ ദയവായി എന്നർത്ഥം വരുന്ന പോർഫാവോർ എന്ന പദം ഉപയോഗിക്കുന്നത് എന്തിനെന്നത് എന്നെ ഏറെ ചിന്താക്കുഴപ്പത്തിൽ ആക്കി. പതിറ്റാണ്ടോളം നീണ്ട സ്പാനിഷ് ജീവിതം ആണ് എന്നെ ഇത്തരം വാക്കുകൾ ജീവിതത്തിൽ വരുത്തുന്ന നല്ല മാറ്റങ്ങൾ പഠിപ്പിച്ചത്. ജീവിതത്തിലും കർത്തവ്യ മണ്ഡലങ്ങളിലും നന്ദി പ്രകാശിപ്പിച്ചു ജീവിച്ചപ്പോൾ ഞാനും ആ സംസ്കാരത്തിന്റെ വിലപ്പെട്ട ഒരു കണ്ണി ആയതു പോലെ തോന്നി. മനസ്സ് അപക്വമായിരുന്ന ഒരു കാലത്ത്, ക്ഷമിക്കണം എന്ന വാക്ക് പറഞ്ഞതിലൂടെ സുഹൃത്തുക്കളുടെ ഇടയിലെ അപസ്വരങ്ങൾ നിലക്കുന്നതു കാണാൻ സാധിച്ചത് മാന്ത്രികതയാർന്ന ഒരു അനുഭവം ആയിരുന്നു. ഒരാളോട് ക്ഷമ ചോദിക്കുമ്പോൾ നമ്മൾ ഇല്ലാതാകുകയല്ല മറിച്ചു നമ്മുടെ വ്യക്തിത്വം പ്രശോഭിക്കുകയാണ് എന്നതും ഞാൻ മനസ്സിലാക്കിയത് ആ കാലഘട്ടങ്ങളിൽ ആണ്. ദയവായി എന്നു ചേർത്തു ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും തന്നെ ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നതും, ഏതു കഠിനഹൃദയനെയും ഹഠാദാകർഷിക്കുവാൻ ഈ വാക്കുകൾക്ക് കഴിയും എന്നതും എനിക്കു പുതുവിജ്ഞാനം ആയിരുന്നു.
സ്പെയിനിൽ ഞാൻ കണ്ടു ശീലിച്ചത് സ്നേഹഭാജനങ്ങളായ കുറെ നല്ല മനുഷ്യരെ ആണെങ്കിൽ ഇംഗ്ലണ്ടിൽ കണ്ടെത്തിയത്, വായിച്ചുപരിചയിച്ച ജന്റിൽമാൻ സങ്കല്പങ്ങളെ ആണ്. വൈദ്യശാത്രത്തിലെ സംഭാവനകൾക്ക് എലിസബത്ത് റാണിയിൽ നിന്നും സർ ബഹുമതി കരസ്ഥമാക്കിയ ഭിഷ്വഗ്വരൻവരെയുള്ളവർ പൊതുവാഹനങ്ങൾ ഉപയോഗിച്ച് ജോലിക്കു പോകുന്നത് കണ്ടപ്പോൾ ഞാൻ തെല്ലിട സ്തംബ്ധനായി നിന്നു പോയത്, വീട്ടിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലുള്ള കലാക്ഷേത്രത്തിലേക്കു പോകുവാൻ വിലകൂടിയ ബൈക്ക് വേണം എന്നു വാശി പിടിക്കുന്ന നമ്മുടെ യുവതലമുറയിലെ ചില ചെറുപ്പക്കാരെ കുറിച്ചോർത്താണ്. ഇവിടങ്ങളിലെ സൂപ്പർ മാർക്കറ്റിലും, റയിൽവേ സ്റ്റേഷനിലും, ബസ് സ്റ്റോപ്പിലും എല്ലാം മര്യാദപാലിച്ചു ക്യുവിൽ ക്ഷമയോടെ തങ്ങളുടെ ഊഴവും കാത്തു നിൽക്കുന്ന ആബാലവൃദ്ധം ജനങ്ങളെ കണ്ടാൽ ആർക്കും ബഹുമാനം തോന്നിപ്പോകും.
വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിന്റെ പ്രതിഫലനമെന്നവണ്ണം, നാട്ടിൽ ഒരിക്കൽ പോയപ്പോൾ യാത്രക്കു വിളിച്ച റിക്ഷാക്കാരനോട്, യാത്രാവസാനം താങ്ക് യൂ എന്നു ഞാൻ പറഞ്ഞപ്പോൾ, ഏതോ അന്യഗ്രഹ ജീവിയെ കാണുന്ന കൗതുകത്തോടെ അയാൾ എന്നെ നോക്കിയത് ഞാൻ ഇപ്പോളും ഒരു തമാശയായി ഓർക്കുന്നു. താങ്ക് യൂ എന്നോ, സോറി എന്നോ എന്റെ സംസാരത്തിൽ വന്നാൽ ഇന്നും നെറ്റി ചുളിച്ചു, ‘എന്തിനാണ് എന്നോട് നിനക്ക് ഇത്രയും ഔപചാരികത ‘എന്നു പരിഭവം പറയുന്നത്, മൂത്ത സഹോദരി സീതമ്മയാണ്.ഈ മാന്ത്രിക വാക്കുകൾ ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ യൂറോപ്പിലെ ആളുകൾ പറയുന്നത് എന്നതിനാൽ നമ്മുടെ ദൈനംദിന ഭാഷാവലിയിലെ ഒഴിച്ച് കൂടാനാവാത്ത പദപ്രയോഗങ്ങൾ ആയിരിക്കുന്നു അവയൊക്കെയും.
സ്വീകരിക്കപ്പെടുന്ന ഏറ്റവും ചെറിയ ഉപകാരങ്ങൾക്കും, നല്ല വാക്കിനും, പ്രവൃത്തിക്കും ഒക്കെ നന്ദി പ്രകാശിപ്പിക്കുന്നതിലൂടെയും, അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റുകൾക്ക് ക്ഷമ പറയുന്നതിലൂടെയും, ഏതൊരു സഹായ അഭ്യർത്ഥനയോടും ഒപ്പം ദയവായി എന്നു ചേർക്കുന്നതിലൂടെയും, ഒരു പരിധിവരെ പല തെറ്റിദ്ധാരണകളും, സംഘർഷങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കും. പാശ്ചാത്യജീവിതശൈലി പിന്തുടരാൻ നാം തിടുക്കം കൂട്ടുമ്പോൾ, ആ സംസ്കാരത്തിന്റെ അടിസ്ഥാനമായ ഇത്തരം മര്യാദകൾ കൂടി പിഞ്ചെല്ലുവാനും അനുകരിക്കാനും സാധിച്ചിരുന്നെങ്കിൽ അതു നല്ല നാളേക്ക് ഒരു മുതൽക്കൂട്ടാകും എന്നതു നിസ്സംശയമാണ്.
സുജിത് തോമസ്
പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ്
ഇംഗ്ലണ്ട്