ബേബി ആന്റി എന്ന മഹതി

ജീവിതം എത്ര നൈമിഷികമാണെന്നു പലപ്പോഴും  എനിക്കു  തോന്നുന്നത്,പോയകാലത്തു നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത്  അപ്രതീക്ഷിതമായി ജീവിതത്തോട് വിട ചൊല്ലിയ  ചിലരെക്കുറിച്ച് ഓർക്കുമ്പോൾ ആണ്. എന്റെ ജീവിതത്തിൽ  അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച്, ഹൃദയത്തിൽ കൈയൊപ്പ് പതിപ്പിച്ചു രണ്ടു വർഷങ്ങൾക്കു മുൻപൊരു ഒക്ടോബർ മാസം, ഇഹാലോകത്തിൽ നീണ്ട എൺപത്തിയാറു സംവൽസരങ്ങൾ പൂർത്തിയാക്കി പരലോകത്ത് പോയ  ഒരു മഹിളാരത്നത്തെക്കുറിച്ചുള്ള ഓർമ്മകൾ ആണ്  മനസ്സാകുന്ന ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിന്നും ഇത്തരുണത്തിൽ ഞാൻ  പങ്കുവെക്കുന്നത്.

മിക്ക കാഞ്ഞിരപ്പള്ളിക്കാർക്കും  സുപരിചിതയും പ്രായഭേദമന്യേ ഏവരും ആന്റി എന്ന അഭിസംബോധനയോടെ വിളിച്ചിരുന്നതുമായ മഹതി ആയിരുന്നു ബേബി ആന്റി. എന്റെ വലിയമ്മച്ചിയുടെ ഇളയ സഹോദരിയായിരുന്നു എങ്കിലും ഞങ്ങളുടെ കുട്ടികാലത്തെ വല്യമ്മച്ചിയെ  നഷ്ടപ്പെട്ടിരുന്നതിനാൽ ആ കുറവ് നികത്തിയിരുന്നത്, വല്യളേമ്മയായ ബേബി ആന്റി ആയിരുന്നു. ബേബി ആന്റി തീർത്ത വാങ്മയ ചിത്രങ്ങളിലൂടെ  ഞാൻ കണ്ടതും മനസ്സിലാക്കിയതും  കാലയവനികക്കുള്ളിൽ മണ്മറഞ്ഞുപോയ പൂർവ്വികരെയും അവരുടെ ജീവിത  സവിശേഷതകളുമൊക്കെ ആയിരുന്നു. ഇന്നും മൂന്നുനാലു തലമുറകൾ പുറകോട്ടുള്ള കുടുംബാംഗങ്ങളെക്കുറിച്ച് ആരെങ്കിലും  ചോദിക്കുമ്പോൾ അവർ ആരായിരുന്നു എന്ന് വ്യക്തമായി പറയാൻ സാധിക്കുന്നത് പണ്ട് ബേബി ആന്റി പറഞ്ഞുതീർത്ത കഥകൾ കൗതുകപൂർവ്വം ശ്രദ്ധിച്ചതുകൊണ്ടാണ്.ബേബി ആന്റിയുടെ ഭവന സന്ദർശനം ഒരു ഉത്സവ പ്രതീതി ഉണർത്തിയിരുന്നു ഞങ്ങൾ കുട്ടികളുടെ മനസ്സിൽ. ബേബി ആന്റി പറയുന്ന പഴംകഥകൾ കേട്ടുറങ്ങാൻ മറ്റാരേക്കാളും ഉത്സാഹം എനിക്കായിരുന്നു. അല്പം തമാശ മെമ്പോടി ചേർത്ത് ജീവിതാനുഭവങ്ങൾ വർണ്ണിക്കുന്ന ബേബി ആന്റിയെ ശ്രവിക്കുവാൻ എന്റെ കർണ്ണങ്ങൾ വല്ലാതെ തിരക്ക് കൂട്ടിയിരുന്നത് പോലെ തോന്നി എല്ലാ കാലത്തും. കൊച്ചുമക്കളിൽ കറിയാപ്പി എന്നാണ് എന്നെ സ്നേഹപുരസ്സരം വിളിച്ചിരുന്നത്, എന്നോട് പ്രത്യേക പൗത്രവാത്സല്യം ആയിരുന്നു. ബേബി ആന്റിയിൽ വിളങ്ങി നിന്നിരുന്ന ചില ഗുണഗണങ്ങളെക്കുറിച്ച് എഴുതുന്നത് കാലോചിതം ആണെന്ന് എനിക്ക് തോന്നുന്നു. അതിലേക്ക് കടക്കുംമുൻപ് ബേബി ആന്റി എന്നും,റോസമ്മ നാത്തൂനെന്നുമൊക്കെ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്ന ആ മഹതിയുടെ ജീവിതത്തിലേക്ക് ഒരു വേള  ഒന്നു തിരിഞ്ഞു നോക്കാം.

കുബേരകുലജാതയായിരുന്ന കുഞ്ഞു റോസ എല്ലാവരിലും ഏറ്റവും ഇളയതായതിനാൽ ബേബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മധ്യതിരുവിതാംകൂറിലെ പേരുകെട്ട ജന്മിതറവാട്ടിൽ ഭൂവുടമയും പ്രഗത്ഭനും പ്രസിദ്ധനുമായ  ജോസഫ് വള്ളിക്കാപ്പന്റെയും, എലിസബത്ത് ചുങ്കപ്പുരയുടെയും ഇളയമകളായി ജനനം. അക്കാലങ്ങളിൽ യൂറോപ്പിലേക്ക് ധാരാളം യാത്രകൾ നടത്തിയിരുന്ന മാതാപിതാക്കൾക്ക് റോസ ഉണ്ടായത് അത്തരം ഒരു വിദേശപര്യടനത്തിനു  ശേഷം ആയതിനാൽ ‘റോമാ പെണ്ണ് ‘എന്ന ഒരു വിളിപ്പേരും, കൂട്ടുകാരുടെ ഇടയിൽ ഉണ്ടായിരുന്നു.തന്റെ ഇറ്റലി യാത്രയിൽ ലീമായിലെ വിശുദ്ധ റോസാ പുണ്യവതിയുടെ  ജീവിതകഥ മനസ്സിലാക്കി അതിൽ  ആകൃഷ്ടയായ മാതാവ് എലിസബത്ത്,ഇളയ കുഞ്ഞായ ബേബി മോളെ റോസ എന്നു നാമധേയം ചെയ്തു. പിൽക്കാലത്ത് തന്റെ പേരിനുകാരണക്കാരിയായ വിശുദ്ധയുടെ ഒരു  രൂപം  വേണമെന്ന ആഗ്രഹം, ഒരവധിക്കാലത്ത് സ്പെയിനിൽ നിന്നും ലീമയിലെ റോസാ പുണ്യവതിയുടെ രൂപം സമ്മാനിച്ച് ആ  ആഗ്രഹം പൂർത്തീകരിച്ചുവല്ലോ എന്ന  ചാരിതാർത്ഥ്യം ഇന്നെനിക്കുണ്ട്.തറവാട്ടിലെ ഇളയ കണ്മണിയും, അപ്പന്റെ പുന്നാര ചെല്ലകുട്ടിയായി കളിച്ചും ചിരിച്ചും അല്ലലേലുമറിയാതെ സമ്പന്നതയുടെ മടിത്തട്ടിൽ കുഞ്ഞു റോസ വളർന്നു വന്നു. തന്റെ പേരിനെ അന്വർത്ഥമാക്കുംവിധം റോസപ്പൂവിന്റ നിറമായിരുന്നു കുഞ്ഞു റോസക്ക്‌ . ആയിരത്തി തൊള്ളയിരത്തി ഇരുപതുകളിൽ, മൂത്ത സഹോദരിമാരായ മേരിയും ആലീസും(എന്റെ മുത്തശ്ശി)ബംഗ്ലാവിലെ കുതിരവണ്ടിയിൽ വിദ്യാലയത്തിൽ പോകുന്നത് കാണാൻ നാട്ടിൻപുറത്തെ  വഴിയോരത്തു ആളുകൾ കൂട്ടം കൂടി  കാത്തു  നിൽക്കുമായിരുന്നു എന്നത് ബേബി ആന്റി പങ്കുവെച്ച  ചില  പഴയകാല ഓർമ്മകൾ.

കളിച്ചും ചിരിച്ചും, പൂക്കളെയും പക്ഷികളെയും നിരീക്ഷിച്ച് ഒരു ചിത്രശലഭത്തെ പോലെ പാറി നടന്ന ആ കാലത്ത് ആണ് റോസക്ക്  അപ്രതീക്ഷിതമായ വിവാഹോലോചന വന്നുചേർന്നത് . വിവാഹത്തെക്കുറിച്ചോ കുടുംബ ജീവിതത്തെക്കുറിച്ചോ വ്യക്തമായ ധാരണകൾ ഇല്ലാതിരുന്ന കൗമാരകാലത്ത് റോസാ, കാഞ്ഞിരപ്പള്ളിയിലെ പുരാതന സമ്പന്ന തറവാടുകളിൽ  ഒന്നായ കടമപ്പുഴ കുടുംബത്തിൽ, ആദ്യകാല ദന്തരോഗവിദഗദ്ധനായ ഡോക്ടർ പാപ്പച്ചന്റെ സഹധർമ്മിണിയായി.വിവാഹ ശേഷം റോസാ,  ബേബി ആന്റി എന്ന് കൂടുതലും അറിയപ്പെട്ടു.ആനന്ദഭരിതമായ ആ ദാമ്പത്യവല്ലരിയിൽ ആറു  കുസുമങ്ങൾ, സന്തോഷം നിറഞ്ഞ ലാളിത്യമാർന്ന  ജീവിതം.പക്ഷെ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. അകാലത്തിലുള്ള ഭർത്തൃവിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ബേബി ആന്റിക്ക്. എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു ആ മഹതിക്ക്. എന്തിനും ഏതിനും താങ്ങും തണലുമായി  ഒപ്പമുണ്ടായിരുന്ന ഭർത്തൃസഹോദരരുടെ സാമീപ്യം വലിയ ആശ്വാസം ആയിരുന്നു.തോട്ടത്തിലെയും വീട്ടിലെയും കാര്യങ്ങൾ ഭംഗിയായി നടത്തി കുഞ്ഞുങ്ങളെ അവർക്കാഗ്രഹം ഉള്ളിടത്തോളം പഠിപ്പിച്ചു, അവരെല്ലാം ജീവിതത്തിന്റെ വിവിധ നാഭോമണ്ഡലങ്ങളിൽ പൊൻപ്രഭ വിതറി.മലയാളസാഹിത്യത്തിൽ മാധവിക്കുട്ടിക്ക് പിൻഗാമിയായി വീക്ഷിക്കപ്പെടുന്ന പ്രശസ്ത കവിയത്രി റോസ് മേരി എന്ന മകളുടെ തൂലികയിൽ പിറന്ന കവിതകളിലൂടെയും കഥകളിലൂടെയും  അമ്മയോടൊപ്പം ജന്മനാടായ കാഞ്ഞിരപ്പള്ളിയും ഏറെ കീർത്തികേട്ടു.

പ്രഥമ ദൃഷ്ടിയിൽ,അല്പം ചിരിക്കാൻ മടിയുള്ള  മുൻകോപക്കാരിയുടെ മൂടിയണിഞ്ഞ  മുഖഭാവം തോന്നുമെങ്കിലും ഉള്ളിൽ കൊച്ചു കുഞ്ഞുങ്ങളുടെ സ്വഭാവവിശേഷങ്ങൾ ഏറെ ഉണ്ടായിരുന്നു ബേബി ആന്റിക്ക്. ചിലപ്പോഴെങ്കിലും നിസ്സാരകാര്യങ്ങൾക്ക് ഏറ്റവും  അടുപ്പമുള്ളവരോട്  കെറുവ് കാണിക്കുമായിരുന്നെങ്കിലും ആരോടും പിണക്കം കാത്തു സൂക്ഷിക്കാത്ത പ്രകൃതം.പിണങ്ങിയാൽ ഇണങ്ങാൻ വെമ്പൽ കൂട്ടിയിരുന്നു ആ മാതൃഹൃദയം.ബേബി ആന്റിയുടെ  പ്രത്യേകത നിറഞ്ഞ സ്വഭാവം ഏറെ  വൈശിഷ്ട്യമാർന്നത് ആയിരുന്നു.ചോദിക്കുന്നവർക്ക് കൈയിലുള്ളതെന്തും എടുത്തു കൊടുക്കുന്ന രീതി, ദാനമായി കൊടുക്കുന്നത് ഇരുചെവി അറിയരുതെന്ന നിർബന്ധബുദ്ധി, വേദനിക്കുന്നവരോട് മുഖം തിരിക്കാത്ത കരുണ നിറഞ്ഞ ഭാവം, തെറ്റ് ആരു ചെയ്താലും ഭയക്കാതെ കാര്യം കാര്യമായി പറയുന്ന ശൈലി തുടങ്ങിയവ അവയിൽ ചിലത് മാത്രം.

സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യം വീടിന്റെ  പിന്നാമ്പുറത്തോ,അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിലോ മാത്രം ഒതുങ്ങി നിന്നിരിക്കണം എന്ന അലിഖിത നിയമം നിലനിന്നിരുന്ന പുരുഷമേധാവിത്വം നിറഞ്ഞ  ഒരു സമൂഹത്തിലും കാലഘട്ടത്തിലും ,ഒരു വലിയ തറവാടിന്റെ  ഉമ്മറത്തിണ്ണയിലെ ചാരുകസേരയിൽ ഒരു കാർന്നവരുടെ തികഞ്ഞ പക്വതയോടെ ഇരുന്നും അഭിപ്രായം പറഞ്ഞും  കുടുംബത്തെ ധീരതയോടെ  മുന്നോട്ടു നയിക്കാൻ  അവർ കാണിച്ച സാമർഥ്യം ഏറെ പ്രശംസാവഹമാണ്.
മിക്ക കാഞ്ഞിരപ്പള്ളി ക്രിസ്ത്യൻ തറവാടുകളിലും  കുട്ടികൾക്ക് വിവാഹോലോചന തുടങ്ങുമ്പോഴേ മാതാപിതാക്കൾ  ബേബി ആന്റിയെ സമീപിക്കുക പതിവായിരുന്നു.കാരണം  അത്രയേറെ ഇഴയടുപ്പമുള്ള ബന്ധങ്ങളും സൗഹൃദങ്ങളും  ഒട്ടുമിക്ക കുടുംബങ്ങളുമായി ബേബി ആന്റി കാത്തു സൂക്ഷിച്ചിരുന്നു .ബേബി ആന്റി തന്നെ മുന്നിട്ടു നടത്തിയ എത്രയോ വിവാഹ ബന്ധങ്ങൾ കുടുംബത്തിൽ ഇന്നും നിലനിൽപ്പുണ്ട്.

പാചകം ചെയ്തു വിളമ്പാൻ അസാമാന്യ പാടവം ബേബി ആന്റിക്കുണ്ടായിരുന്നു.
അനിതരസാധാരണമായ കൈപ്പുണ്യവും, വാക്ചാതുരിയും, അതിഥി സൽക്കാര പ്രിയവും  ബേബി ആന്റിയെ കുടുംബാംഗങ്ങളുടെ ഇടയിൽ പ്രധമസ്താനീയ ആക്കി തീർത്തു.
ബേബി ആന്റി ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ്  പറഞ്ഞു തന്ന പലവിധ പരമ്പരാഗത പാചകവിധികളും കുറിപ്പുകളും  എനിക്കു ഇന്നും  ഹൃദിസ്ഥം, അവയൊക്കെ ഒരു നിധി പോലെ ഇന്നും നിറം  മങ്ങിയ എന്റെ ഡയറി താളുകളിൽ കാണാം. വേനൽക്കാലങ്ങളിൽ വൈനും, അരിഷ്ടവും, അച്ചാറും യദേഷ്ടം പോലെ ഉണ്ടാക്കി ബന്ധുക്കൾക്കും മിത്രങ്ങൾക്കും വിളമ്പുന്നതും കൊടുക്കുന്നതും ഒരു വലിയ സന്തോഷം ആയിരുന്നു ബേബി ആന്റിക്ക്. ബേബി ആന്റി തയ്ച്ച് സമ്മാനിച്ച  മനോഹരമായ തുന്നൽ പണികളാൽ, ക്രോസ്സ് സ്റ്റിച്ചിങ് ചെയ്ത്  അലംകൃതമാക്കിയ കിടക്ക വിരികൾ ഇന്നും എന്റെ അമ്മ വിശേഷവസരങ്ങളിൽ മാത്രം വിരിക്കാനായി
കരുതിവെച്ചിട്ടുണ്ട്.  കാഞ്ഞിരപ്പള്ളിയിലെ
S. A. C  ബേക്കറിയിലെ ജാം റോളിനെ ഇത്ര അധികം പ്രശസ്തമാക്കിയതിൽ ബേബി ആന്റിക്ക് ഒരു പങ്കുണ്ടെന്ന് ഞങ്ങൾ പലപ്പോഴും തമാശയായി പറയാറുണ്ടായിരുന്നു.ബേബി ആന്റി സന്ദർശിക്കുന്ന ബന്ധൂഗൃഹങ്ങളിലും സൗഹൃദ സദസ്സുകളിലുമെല്ലാം S. A. C ബേക്കറിയിലെ ജാം റോളും ലെമൺ പേസ്റ്റും മുടക്കമില്ലാതെ  എപ്പോഴും  എത്താറുണ്ടായിരുന്നു. അതോർക്കുമ്പോൾ നാവിന്റെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന ഗൃഹാതുരത നിറഞ്ഞ ഒരോർമ്മയായി ആ രുചി ഇന്നും നിലനിൽക്കുന്നു. വണ്ടിയിൽ നിറയെ  പലഹാരപ്പൊതികളും, മേൽത്തരം മുന്തിരി വൈനും, നെല്ലിക്കാരിഷ്ടവും കണ്ണിമാങ്ങാ അച്ചറും ഒക്കെ ആയി ഞങ്ങളെയും അതുപോലെ ഒട്ടുമിക്ക ബന്ധുക്കളയും സുഹൃത്തുക്കളെയും കാണാൻ പോകുന്ന ബേബി ആന്റി എന്നും ഓർമ്മകളിലെ ഒരു നഷ്ട വസന്തമാണെനിക്ക്.

വിലകൂടിയ സമ്മാനങ്ങളിൽ മാത്രം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത്,ബേബി ആന്റി പറഞ്ഞു തന്ന ഒരു ഉപദേശം ചിലർക്കെങ്കിലും  കാലഹരണപ്പെട്ടതായി തോന്നാം.എത്ര നിസ്സാരമായ ഒരു വസ്തു ആണെങ്കിലും ഒരാൾ സ്നേഹത്തോടെ നമുക്ക് അതു  തരുകയാണെങ്കിൽ അതു മതിയായ താല്പര്യത്തോടെ തുറന്ന കൈകളോടെ സ്വീകരിക്കണം എന്ന ബേബി ആന്റിയുടെ ഉപദേശം അക്ഷരാർത്ഥത്തിൽ മനസ്സാ:വാചാ ഉൾക്കൊള്ളുവാൻ  എനിക്ക് തെല്ലും ശങ്ക ഇല്ലായിരുന്നു. ബേബി ആന്റി എപ്പോളും പറയുമായിരുന്നു സമ്മാനങ്ങളുടെ വലുപ്പത്തിലോ വിലയിലോ അല്ല ഏറ്റവും ചെറിയ ഒരു സാധനം ആണെങ്കിലും അതു തരാനുള്ള ഒരാളുടെ മനസ്സാണ് നമ്മൾ കാണേണ്ടതതെന്ന്. മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കാൻ ബേബി ആന്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല.ഞാൻ ഇന്നലെ എന്ന പോലെ  ഒരു അനുഭവം ഓർക്കുന്നു: കുട്ടിക്കാലത്തൊരിക്കൽ എന്നോട് ഒരു ഗ്ലാസ്സ് വെള്ളം ചോദിച്ചപ്പോൾ ഞാൻ ഗ്ലാസ്സ് തുളുമ്പേ വെള്ളം പകർന്നു  കൊടുത്തപ്പോൾ ബേബി ആന്റി എന്നെ തിരുത്തിയത്, “ഒരിക്കലും തുളുമ്പേ പകർന്ന് ആവശ്യക്കാരനെ  ബുദ്ധിമുട്ടിപ്പിക്കാതെയും അതുപോലെ പകുതി മാത്രം നിറച്ച് ആവശ്യക്കാരന് സംതൃപ്തമാകാത്ത വിധവും ഒരിക്കലും ദാഹജലം ആർക്കും പകർന്നു കൊടുക്കരുതെന്ന്”.

രോഗികളെയും അവശരെയും ഒക്കെ കാണാൻ പോകാനും അവരോടൊപ്പം സമയം ചിലവഴിക്കാനും ബേബി ആന്റി കാണിച്ച ഉത്സാഹം ഇന്നത്തെ തലമുറ അനുവർത്തനീയമാക്കേണ്ടതാണെന്ന് പലപ്പോഴും  എനിക്ക് തോന്നാറുണ്ട്.
ഞാൻ സ്പെയിനിൽ നിന്നും പതിവായി അയച്ചിരുന്ന  കത്തുകൾ ഒക്കെ ബേബി ആന്റി അവസാനം വരെ അലമാരയിൽ സൂക്ഷിച്ചു വച്ചിരുന്നു എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഡയബറ്റീസ് ബാധിച്ചിരുന്നതിനാൽ  സ്പെയിനിൽ നിന്നും വരുമ്പോളൊക്കെ എന്നോട് കൊണ്ടു വരാൻ ആവശ്യപ്പെട്ടിരുന്നത് ഷുഗർ ഫ്രീ ഗുളികകൾ ആയിരുന്നു.
രണ്ടു വർഷങ്ങൾക്കു മുൻപൊരു ഒക്ടോബർ മാസം കുടുംബവകയായ  കടമപ്പുഴ ആസ്പത്രിയിൽ മരണകിടക്കയിൽ ആയിരുന്ന ബേബി ആന്റിയെ ഞാൻ സകുടുംബം സന്ദർശിച്ചപ്പോൾ എന്റെ കൈയിൽ പിടിച്ചു സ്നേഹപൂർവ്വം ‘കറിയാപ്പിക്ക് സ്പെയിനിനു കൊണ്ടുപോകാൻ ഞാൻ മുന്തിരി വൈൻ ഇട്ടു വെച്ചിട്ടുണ്ട്’ എന്നു പറഞ്ഞ കൊച്ചുമകനോടുള്ള വാത്സല്യവും കരുതലും മറക്കാനാവാത്തത് ആണ്.മരണം കാത്തു കിടക്കുമ്പോളും മറ്റുള്ളവർക്ക് തന്നാൽ കഴിയുന്ന എന്തെങ്കിലും നൽകണമെന്ന വിചാരം ഉള്ളത് ഹൃദത്തിൽ ദൈവത്തിന്റെ കൈയൊപ്പ് പതിപ്പിച്ചവർക്ക് മാത്രം സ്വന്തം.

ബേബി ആന്റിയെപോലെയുള്ള നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ വരും തലമുറക്ക് പകർന്നു നൽകിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ നമുക്കേവർക്കും ആർജ്ജവം പകരുന്നതാണ്. അത്തരം അനുഭവങ്ങൾ ആണല്ലോ നമ്മുടെ ജീവിതത്തിലെ വലിയ അറിവും സമ്പാദ്യവും.തുറക്കാം നമ്മുടെ മനസ്സിന്റെ വാതായനങ്ങൾ ഇത്തരം അനുഭവങ്ങൾക്കായി, തുറക്കാം നമ്മുടെ നയനങ്ങൾ നല്ല നാളെയെയും നല്ല ആളുകളെയും  കാണാൻ ആയി.

സുജിത് തോമസ്
പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ്‌ ഫിസിയോളജിസ്റ്റ്
ഇംഗ്ലണ്ട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.